പോരാട്ടം കടുപ്പം, ഫോട്ടോഫിനിഷില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ; മീഡിയവണ്‍ സര്‍വെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 09:19 AM  |  

Last Updated: 25th March 2021 09:19 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട് : കടുത്ത പോരാട്ടത്തിനൊടുവില്‍ കേരളത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്ന് മീഡിയവണ്‍  പൊളിറ്റിഖ് മാര്‍ക്ക് സര്‍വേ ഫലം. എല്‍ഡിഎഫിന് 73 മുതല്‍ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 60 മുതല്‍ 65 വരെ സീറ്റ് ലഭിക്കും. ബിജെപി 0 മുതല്‍ 2 സീറ്റു വരെ നേടും. മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് സര്‍വേ പ്രവചിക്കുന്നത്. 

140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സര്‍വേ. നാല്‍പ്പത് ശതമാനം പേരാണ് സര്‍വേയില്‍ എല്‍ഡിഎഫിന് ജയം പ്രവചിച്ചത്. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് 35 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 11 ശതമാനം ആളുകള്‍ ബിജെപിക്ക് സാധ്യത പ്രവചിച്ചു. 

42 - 44 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ട് ഓഹരി. 39- 41 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 15-17 ശതമാനമാണ് ബിജെപിയുടെ വോട്ട് ഓഹരി. 50 ശതമാനം പേര്‍ കേരളത്തില്‍ ഭരണമാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേര്‍ ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൂന്നു ശതമാനം പേര്‍ പ്രതികരിച്ചില്ല. ഭരണമാറ്റം വേണമെന്ന് കൂടുതലും ആവശ്യപ്പെട്ടത് മുസ്‌ലിംകളാണ്, 62 ശതമാനം പേര്‍. 

ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ 51 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണെന്ന അഭിപ്രായം പങ്കുവച്ചത്. 45 ശതമാനം പേര്‍ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. നാലു ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല. 56 ശതമാനം ഹിന്ദുക്കള്‍ ഭരണമാറ്റം വേണ്ടെന്ന് പറഞ്ഞു.  മുഖ്യമന്ത്രിയായി പിണറായി വിജയനെ 40 ശതമാനം പേര്‍ പിന്തുണച്ചു. ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്; 25 ശതമാനം പേരുടെ പിന്തുണ. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേരും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേരും അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ഒരു ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മികച്ചതാണെന്ന് 63 ശതമാനം പേരും സര്‍വേയില്‍ വ്യക്തമാക്കി.