'എന്‍440 കെ' ,  കോവിഡിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ ; രണ്ടാം തരംഗത്തിന് സാധ്യത ; ജാഗ്രതാനിര്‍ദേശം

പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍ 440 കെ എന്ന ഈ വകഭേദമെന്നാണ് വിലയിരുത്തല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലെ 11 ജില്ലകളില്‍ കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ 'ഇന്‍സാകോഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍ 440 കെ എന്ന ഈ വകഭേദമെന്നാണ് വിലയിരുത്തല്‍. 

കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടെത്തിയത്. ഇതിനകം കോവിഡ് ബാധിച്ചവരിലും, പ്രതിരോധശേഷി കൈവരിച്ചവരിലും പോലും പുതിയ വൈറസ് ബാധിച്ചേക്കാം. മുന്‍ വൈറസിനെതിരേ ആര്‍ജിച്ച പ്രതിരോധശേഷികൊണ്ട് പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ നേരിടാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കുക മാത്രമാണ് ശരിയായ പോംവഴിയെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com