ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല; മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും സുകുമാരന്‍ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 07:08 PM  |  

Last Updated: 25th March 2021 07:08 PM  |   A+A-   |  

sukumaran_nair

ജി സുകുമാരന്‍ നായര്‍/ഫയല്‍ ചിത്രം

 

ചങ്ങനാശ്ശേരി: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം  ആരോപിച്ചു. 

എന്‍എസ്എസിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം  പ്രസ്താവനയിലൂടെ പറഞ്ഞു.

മന്നംജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ലും 2018ലും രണ്ടുതവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനൊന്നും അനുകൂല മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുവായ നയമെന്നും ഈ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നാണ് ആദ്യ നിവേദനത്തിന് മറുപടി ലഭിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതു അവധി അനുവദിക്കരുതെന്ന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ പൊതു അവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലും കൂടുതലായി അനുവദിക്കേണ്ടിവരുന്നുണ്ടെന്നും 2018ല്‍ ഇത്തരത്തിലുള്ള 18 അവധികള്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും ആവശ്യം അംഗീകരിക്കുവാന്‍ നിര്‍വാഹമില്ലെന്നാണ് രണ്ടാമത്തെ നിവേദനത്തിന് മറുപടി ലഭിച്ചത്. ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വിമര്‍ശിച്ചു. 

10 മാസങ്ങള്‍ക്കു മുമ്പുതന്നെ മുന്നാക്ക സമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസ്സമായതെന്നും ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് വസ്തുതയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.