മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍, ആശുപത്രിയില്‍ പേരുമാറ്റി പറഞ്ഞത് കുരുക്കായി; യുവാവും മാതാവും പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 07:32 AM  |  

Last Updated: 25th March 2021 07:33 AM  |   A+A-   |  

several robbery case culprit caught by police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍ നടത്തിയ യുവാവും മാതാവും പിടിയില്‍. ഒട്ടേറെ കവര്‍ച്ച കേസുകളിലെ പ്രതിയായ കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദ് (20), മോഷണ സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച മാതാവ് റഹ്മത്ത് (49) എന്നിവരാണ് അറസ്റ്റിലായത്.  മോഷണം നടത്തുന്നതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടില്‍ വിശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. മോഷ്ടിച്ച കാര്‍, ബൈക്ക് തുടങ്ങിയവയില്‍ എത്തി ഞൊടിയിടയില്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തി കടന്നുകളയുന്നതാണ് പ്രതിയുടെ പതിവ് രീതി. 

22ന് രാവിലെ 5.40ന് വെള്ളനാട് കുളക്കോട്ട് യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ നടന്ന് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ റംഷാദ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു. സംഭവശേഷം വിളപ്പില്‍ശാല റോഡിലേക്ക് കടന്ന് വഴിയാത്രക്കാരായ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച് കാറില്‍ തന്നെ രക്ഷപ്പെട്ടു.

മോഷണത്തിന് ഉപയോഗിച്ച കാര്‍ തിരുവല്ലത്ത് ഉപേക്ഷിച്ച ശേഷം മറ്റൊരു കാര്‍ മോഷ്ടിച്ച് പിരായുംമൂടിന് സമീപം എത്തി. പാലത്തിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം അവിടെ കണ്ട ഒരു ബൈക്ക് കവര്‍ന്ന് വീട്ടിലെത്തി. 22ന് വൈകിട്ട് ഇതേ ബൈക്കില്‍ ഉദിയന്‍കുളങ്ങരയില്‍ എത്തി റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ശേഷം സമീപത്ത് കണ്ട തുണിക്കട ഉടമയുടെ ബൈക്കുമായി കടന്നു. സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചാരോട്ടുകോണം ജംക്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റംഷാദിന്റെ കൈക്ക് പരുക്കേറ്റു. 

ഒാട്ടോയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തി പേര് മാറ്റി പറഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട ശേഷം വീട്ടില്‍ വിശ്രമിക്കവേ ആണ് പിടിയിലായത്.  ഒരു മാസത്തിനിടയില്‍ ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാല് കാര്‍, നാല് ബൈക്ക്, ഒട്ടേറെ സ്ത്രീകളുടെ മാല തുടങ്ങിയവ കവര്‍ന്നിട്ടുണ്ട്. മോഷണ മുതല്‍ വില്‍പന നടത്തുന്നത് മാതാവ് റഹ്മത്ത് ആണെന്ന് പൊലീസ് പറയുന്നു.