കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ട്, ഒരേ ബൂത്തില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ; പരാതി

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭസുബിന് മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു
എല്‍ഡിഎഫ് പുറത്തുവിട്ട രേഖകള്‍, ശോഭ സുബിന്‍
എല്‍ഡിഎഫ് പുറത്തുവിട്ട രേഖകള്‍, ശോഭ സുബിന്‍

തൃശൂര്‍ : ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും പരാതി. കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭസുബിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും എല്‍ഡിഎഫ് കയ്പമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി കെ സുധീഷ് പരാതി നല്‍കി.

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭസുബിന് മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഒരു ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ത്തന്നെ രണ്ട് ക്രമനമ്പറുകളിലായി രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റിലും മൂന്നുവോട്ടുള്ള കാര്യം വ്യക്തമായി. 

ഒരേ നമ്പറിലുള്ള രണ്ടെണ്ണമുൾപ്പെടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27-ൽ ക്രമനമ്പർ 763-ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.

ഇതേ നമ്പറിൽത്തന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിൽ 144-ാം നമ്പർ ബൂത്തിൽ ക്രമനമ്പർ 10-ലും ഇദ്ദേഹത്തിന് തിരിച്ചറിയൽ കാർഡുണ്ടെന്ന് ഇടതു നേതാക്കൾ പറയുന്നു. ഈ ബൂത്തിൽത്തന്നെ 1243 ക്രമനമ്പറിൽ DBD1446558 നമ്പറിൽ തിരിച്ചറിയൽ കാർഡും വോട്ടും ഉള്ളതായി എൽഡിഎഫ് ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം ഒരു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്.

അതേസമയം ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുള്ളതിനെക്കുറിച്ച് അറിയില്ലെന്ന് സ്ഥാനാർത്ഥി ശോഭാ സുബിൻ പറഞ്ഞു. വലപ്പാട് പഞ്ചായത്തിലെ തന്റെ വോട്ട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു.  വലപ്പാട് ഒരേ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നതിനെക്കുറിച്ച് അറിയില്ല. ഒരു കാർഡ്‌ ഉപയോഗിച്ചു മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത് എന്നും ശോഭാ സുബിൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com