രാത്രി വീട്ടിലെത്തിയപ്പോള്‍ കാമുകന്‍ അകത്ത്, വഴക്കിനിടെ അരുണിനെ ചവിട്ടി വീഴ്ത്തി കുത്തി ; നിലവിളിച്ചപ്പോള്‍ പിന്‍വാതിലിലൂടെ ഇറങ്ങി ഓടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 11:13 AM  |  

Last Updated: 26th March 2021 11:13 AM  |   A+A-   |  

arun murder

പൊലീസ് കത്തി കണ്ടെടുക്കുന്നു/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണിന്റെ കൊലപാതകത്തില്‍ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. അരുണിനെ കൊലപ്പെടുത്തിയശേഷം പ്രതി ശ്രീജു രക്ഷപ്പെടുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച കത്തിയാണ് കണ്ടെടുത്തത്. സംഭവം നടന്ന വീടിന് 200 മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലെ ചാലില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. 

ശ്രീജുവിനെ സംഭവം നടന്ന വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ശ്രീജു അരുണിനെ കുത്തിയതെന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍ പറഞ്ഞു. കൃത്യത്തിന് ശേഷം പിന്‍വശത്തെ വാതിലിലൂടെയാണ് ശ്രീജു പുറത്തിറങ്ങി നടന്നത്. ഇതുവഴി പ്രതിയുമായി പൊലീസ് സംഘം സഞ്ചരിച്ചു. 

അരുണിനെ കുത്തിയത് കാമുകന്‍ ശ്രീജുവാണെന്ന് കേസില്‍ അറസ്റ്റിലായ അരുണിന്റെ ഭാര്യ അഞ്ജു പൊലീസിനോട് സമ്മതിച്ചു. ആദ്യം അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും അല്ല താനാണെന്ന് ശ്രീജുവും ചോദ്യം ചെയ്യലിനിടെ ആദ്യം പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ജു സത്യം വെളിപ്പെടുത്തിയത്. 

അഞ്ജുവും അരുണും പത്തുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. പിന്നീട് അഞ്ജു അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ അരുണ്‍ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇരുവരെയും വിലക്കി. ഒരു വര്‍ഷം മുന്‍പ് അരുണ്‍ ഭാര്യയുമായി അഞ്ജുവിന്റെ വലിയമ്മ സരോജത്തിന്റെ കുളപ്പടയിലെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ തുടര്‍ന്നും അഞ്ജുവും ശ്രീജുവും തമ്മില്‍ ബന്ധം തുടര്‍ന്നു. 

ചൊവ്വാഴ്ച രാത്രി കുളപ്പടയിലെ വീട്ടില്‍ ശ്രീജു ഉണ്ടെന്നറിഞ്ഞ് എത്തിയ അരുണ്‍ അഞ്ജുവുമായി വഴക്കിട്ടു. തുടര്‍ന്ന് ശ്രീജുവും അരുണും തമ്മില്‍ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. ഇതിനിടെ ശ്രീജു അരുണിനെ ചവിട്ടി വീഴ്ത്തുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് അഞ്ജുവിന്റെ വലിയമ്മ സരോജം വീട്ടിലുണ്ടായിരുന്നു. 

വഴക്കുണ്ടായപ്പോള്‍ സരോജം വീടിന്റെ പുറത്തിറങ്ങി ഇരുന്നു. നിലവിളി കേട്ട് വീണ്ടും അകത്തേക്ക് കയറിയപ്പോള്‍ ശ്രീജു ഇറങ്ങി ഓടി. ശ്രീജു തന്നെ കുത്തിയതായും ശ്വാസം മുട്ടുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും അരുണ്‍ പറഞ്ഞു. സരോജം അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് അരുണിനെ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ കുളപ്പടയിലെ വീട്ടില്‍ എത്തിയ ശ്രീജു സംഭവത്തിന് ശേഷം നടന്നാണ് വീട്ടിലേക്ക് പോയത്. അഞ്ജുവിനെയും ശ്രീജുവിനെയും രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.