ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വനാശം ഉണ്ടാകുക കോണ്‍ഗ്രസിന് : എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 08:33 AM  |  

Last Updated: 26th March 2021 08:45 AM  |   A+A-   |  

mm mani

എംഎം മണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക്‌

 

ഇടുക്കി: ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എം എം മണി. കോവിഡ് കാലത്ത് എ കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു. കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് പറഞ്ഞു. 

കോവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും എം എം മണി ചോദിച്ചു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്ന് എം എം മണി കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിക്ക് തുടര്‍ഭരണമല്ല, രാഷ്ട്രീയ വനവാസമാണ് നല്‍കേണ്ടതെന്നാണ് എ കെ ആന്റണി അഭിപ്രായപ്പെട്ടത്. തുടര്‍ഭരണമുണ്ടായാല്‍ കേരളത്തില്‍ സര്‍വനാശമായിരിക്കും. അഹങ്കാരവും പിടിവാശിയും ആഡംബരവും ധൂര്‍ത്തും അഴിമതിയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.