അമ്മ തൊഴിലുറപ്പില്‍, വോട്ടുചോദിച്ച് സ്ഥാനാര്‍ഥി എത്തി; കണ്ണുനനയിച്ച് സ്‌നേഹപ്രകടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 11:06 AM  |  

Last Updated: 26th March 2021 11:06 AM  |   A+A-   |  

kerala election

പ്രചാരണത്തിനിടെ അമ്മയെ കെട്ടിപ്പിടിക്കുന്ന ബി എസ് അനൂപ്

 

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കരികിലേക്ക് വോട്ട് ചോദിച്ചെത്തുമ്പോള്‍ ആ മകന്‍ ഒരിക്കലും കരുതി കാണില്ല കൂട്ടത്തില്‍ തന്റെ അമ്മയുണ്ടാകുമെന്ന്. അക്കൂട്ടത്തില്‍ സ്വന്തം അമ്മയെ കണ്ട് കെട്ടിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ വിലക്കി. മകന്‍ അത് വകവയ്ക്കാതെ അവരെ ചേര്‍ത്തുപിടിച്ചു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബി എസ് അനൂപിന്റെ പര്യടനത്തിനിടെയാണ് കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിച്ച സ്‌നേഹപ്രകടനം.

ഇന്നലെ പഴച്ചിറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കരികില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് യാദൃച്ഛികമായി അമ്മ സുദേവിയെ അനൂപ് കണ്ടത്. രാഷ്ട്രീയത്തില്‍ പടികള്‍ കയറിപ്പോകുമ്പോഴെല്ലാം അനൂപിനെപ്പറ്റി അമ്മയ്ക്ക് ഉറപ്പുണ്ട് - 'അവന്‍ ഈ മണ്ണില്‍ നടന്നവനാണ്. പാവമാണ്. ആരുടെ പ്രശ്‌നത്തിന് എപ്പോഴെന്നില്ലാതെ ഓടിച്ചെല്ലുന്നതാണ് പണ്ടേ ശീലം. അത് മാറില്ല.'

പഞ്ചായത്തില്‍ അനൂപ് മെംബറായ വാര്‍ഡില്‍ത്തന്നെയാണ് അമ്മ തൊഴിലുറപ്പു ജോലിക്കു പോകുന്നത്. അച്ഛന്‍ ബ്രഹ്മാനന്ദന് പക്ഷാഘാതം വന്നതിനാല്‍ ജോലിക്കു പോകുന്നില്ല. കൂലിപ്പണിക്കു പോയാണ് 3 ആണ്‍മക്കളെയും സുദേവി വളര്‍ത്തിയത്. 2 ചെറിയ മുറികളുള്ള വീട്ടില്‍ 3 മക്കളും അച്ഛനും അമ്മയും ഒരുമിച്ച് താമസിക്കാന്‍ പറ്റാതായതോടെ അനൂപും ഭാര്യയും മക്കളും സമീപത്തു വാടകവീട്ടിലേക്കു മാറി. ദാരിദ്ര്യത്തിന്റെ എല്ലാ ഘട്ടത്തിലും രാഷ്ട്രീയം വിടാതെ കൊണ്ടുനടന്നപ്പോഴും വീട്ടുചെലവിന് അമ്മയുടെ തൊഴിലുറപ്പാണ് ഉറപ്പായത്.24ാം വയസ്സിലാണ് അനൂപ് ആദ്യം പഞ്ചായത്ത് അംഗമായത്.