'നൂറ്റാണ്ടിലെ വലിയ അത്ഭുതം'; ഇഡിക്കെതിരായ ജ്യൂഡീഷ്യല്‍ അന്വേഷണത്തെ പരിഹസിച്ച് വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 05:17 PM  |  

Last Updated: 26th March 2021 05:17 PM  |   A+A-   |  

v_muralidharan

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ / ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട്: ഇഡിക്കെതിരെ ജുഡീഷ്യല്‍  അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. 
നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു ജഡ്ജിക്ക് ശമ്പളം നല്‍കാമെന്നല്ലാതെ മറ്റു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഓല പാമ്പു കാണിച്ച് പേടിപ്പിക്കരുത്, ശുദ്ധതെമ്മാടിത്തരം എന്ന തോമസ് ഐസക്കിന്റെ പദ പ്രയോഗങ്ങളില്‍ അത്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയില്‍  ഉദ്യോഗസ്ഥര്‍ക്കില്ലാത്ത പരാതി മന്ത്രി തോമസ്  ഐസക്കിന് ഉണ്ടെങ്കില്‍ എന്തോ മറിച്ച് വെക്കാനുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ ഐസക്കിന്  എന്തിന് പരിഭ്രാന്തിയെന്നും മുരളീധരന്‍ ചോദിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താന്‍ ശ്രമം നടക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കുക. ഇതിനായി റിട്ടയേര്‍ഡ് ജഡ്ജി കെവി മോഹനനെ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ അന്വേഷണം വഴി തെറ്റുന്നുവെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. അതിന്റെ മറവില്‍സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെയും കേന്ദ്ര എജന്‍സികള്‍ തടസപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനെതിരെ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.