ചെന്നിത്തല പെന്‍ഷനും കിറ്റും മുടക്കുന്നു; ജനങ്ങളോടു മാപ്പു പറയണമെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 10:31 AM  |  

Last Updated: 27th March 2021 10:31 AM  |   A+A-   |  

pinarayi

പിണറായി വിജയന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

 

കൊച്ചി: വിഷു, ഈസ്റ്റര്‍ കാലത്ത് ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതു മുടക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റേത് സാധാരണ തെരഞ്ഞെടുപ്പു കാലത്തു നടക്കാറുള്ള പറച്ചില്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം കമ്മിഷനു പരാതി നല്‍കുകയാണ് ചെയ്തത്. മൂന്നു കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയുക, വിഷു-ഈസ്റ്റര്‍ കാലത്തെ ഭക്ഷ്യധാന്യ വിതരണം തടയുക, പെന്‍ഷന്‍ നല്‍കുന്നതു തടയുക എന്നിവയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആവശ്യങ്ങള്‍. തെരഞ്ഞെടുപ്പു കണ്ടല്ല സര്‍ക്കാര്‍ ഇതു ചെയ്തത്. സാധാരണ ഉത്സവകാലത്തു നടക്കാറുള്ളതാണ് ഇത്. കിറ്റ് വിതരണം തടഞ്ഞതുകൊണ്ട് ജനങ്ങള്‍ക്കുള്ള സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതാക്കാമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. ഇതു ജനങ്ങളെ കുറച്ചുകാണലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ കടന്നുകയറുന്നതെന്ന് മുഖ്യന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് എല്ലാ പരിധികളും ലംഘിക്കുന്നതാണ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പല പരാതികളുമുണ്ട്. അതിന്റെ വസ്തുത അറിയാനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിനു ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട വോട്ട് ആരോപണത്തില്‍ നേരത്തെ തന്നെ നിലപാടു വ്യക്തമാക്കിയതാണ്. ഇരട്ട വോട്ടു പരിശോധിക്കേണ്ടതാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പൊള്ളത്തരമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമൊക്കെ ഇരട്ടവോട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നതെന്ന് മുഖ്യമന്ത്രിചൂണ്ടിക്കാട്ടി.

ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാവും.

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നത് ട്വിന്റി 20യുടെ മോഹങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഇതൊന്നും സ്വീകരിക്കില്ലെന്ന് പിണറായി പറഞ്ഞു.