കടയ്ക്കല്‍ ചന്ദ്രനും മുന്നേ ബില്ലവതരിപ്പിച്ച സി കെ ചന്ദ്രപ്പന്‍, പിന്താങ്ങി വാജ്‌പേയി; എന്താണ് 'റൈറ്റ് ടു റീ കാള്‍'?

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനാണ് ജനപ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്
വണ്‍ സിനിമയില്‍ മമ്മൂട്ടി, സി കെ ചന്ദ്രപ്പന്‍
വണ്‍ സിനിമയില്‍ മമ്മൂട്ടി, സി കെ ചന്ദ്രപ്പന്‍

മ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തിയ വണ്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന 'റൈറ്റ് ടു റീ കാള്‍' എന്ന ആശയം ചിത്രം കണ്ടിറങ്ങിയവര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിത്രം തികഞ്ഞ അരാഷ്ട്രീയവാദമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത്തരത്തിലൊരു ബില്ല് അവതരിപ്പിക്കപ്പെട്ടിണ്ടെന്നും അതുകൊണ്ട് ഈ ആശയത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല എന്നുമാണ് മറ്റൊരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. 

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനാണ് ജനപ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. എ ബി വാജ്‌പേയി അടക്കമുള്ള ചുരുക്കം ചില നേതാക്കള്‍ ഈ ബില്ലിനെ പിന്താങ്ങിയെങ്ങിലും ബില്ല് തള്ളിപ്പോയി. 

എന്താണ് റൈറ്റ് ടു  റീ കാള്‍? 

തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കൃത്യമായി ജോലി ചെയ്യുന്നില്ല എന്ന തോന്നലുണ്ടായാല്‍, സോഷ്യല്‍ ഓഡിറ്റ് നടത്തി ജനങ്ങള്‍ക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് റൈറ്റ് ടു റീ കാള്‍ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. 

ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപക നേതാവ് സചീന്ദ്ര നാഥ് സന്‍യാലാണ് ആധുനിക ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. 1924 ഡിസംബര്‍ 24ന് അദ്ദേഹം പുറത്തിറക്കിയ എച്ച് ആര്‍ എയുടെ ഭരണഘടനയില്‍ റൈട് ടു റീ കാള്‍ ആശയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 

ഭരണഘടനയില്‍ ഈ ആശയം ഉള്‍പ്പെടുത്തണമെന്ന ചിലരുടെ ആവശ്യം ഡോ. ബി ആര്‍ അംബേദ്കര്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വാദം. 

ബില്ലവതരിപ്പിച്ച് സി കെ ചന്ദ്രപ്പന്‍,പിന്താങ്ങി വാജ്‌പേയി

1974ലാണ് റൈറ്റ് ടു റികാള്‍ ബില്‍ സി കെ ചന്ദ്രപ്പന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എ ബി വാജ്‌പേയി ഈ ബില്ലിനെ പിന്തുണച്ചു. എന്നാല്‍ പാസാക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശയത്തിന് എതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2016ല്‍ വരുണ്‍ ഗാന്ധിയും സ്വകാര്യ ബില്ലായി ഈ ആശയം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com