യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇരട്ട വോട്ട് ; ഉദ്യോഗസ്ഥരുടെ പിഴവെന്ന് ലാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 08:14 AM  |  

Last Updated: 27th March 2021 08:14 AM  |   A+A-   |  

dr_lal

ഡോ. ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം : കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടാണ് ലാലിന് ഉള്ളത്. ഇതു ചൂണ്ടിക്കാട്ടി സിപിഎം പരാതി നല്‍കി. 

വോട്ടര്‍പട്ടികയില്‍ കണ്ണമ്മൂല സെക്ഷനില്‍ 646 ക്രമനമ്പറിലാണ് ആദ്യ വോട്ട്. കൂട്ടിച്ചേര്‍ത്ത പട്ടികയിലും ലാലിന്റെ പേരുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ഡോ. എസ്എസ് ലാല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണ് ഇരട്ടവോട്ട് വരാന്‍ കാരണമെന്നും ലാല്‍ പറയുന്നു.

നേരത്തെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എല്‍ദോസ്. കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്നു വോട്ടും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെന്ന് കണ്ടെത്തിയിരുന്നു.