'ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി' : ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ശൈലജ

ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലയ്‌ക്കെന്ന് ശൈലജ
കെ കെ ശൈലജ, രമേശ് ചെന്നിത്തല / ഫയല്‍
കെ കെ ശൈലജ, രമേശ് ചെന്നിത്തല / ഫയല്‍

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ കെ ശൈലജ. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലയ്‌ക്കെന്ന് ശൈലജ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

വിഷു, ഈസ്റ്റര്‍ കാലത്ത് ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതു മുടക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട അരി മുഴുവന്‍ തടഞ്ഞുവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

മൂന്നാഴ്ചയായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയല്ലേ. വോട്ടുതട്ടാന്‍ വേണ്ടി അരി പൂഴ്ത്തിവെക്കുകയും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെ പറ്റിക്കാനാണിത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ടിയിരുന്ന അരി പൂഴ്ത്തിവെച്ചതും മുഖ്യമന്ത്രിയല്ലേ എന്ന് ചെന്നിത്തല ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com