അന്നം മുടക്കിയത് പിണറായി ; അരി പൂഴ്ത്തിവെച്ച് ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്
രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം


തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട അരി മുഴുവന്‍ തടഞ്ഞുവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

അതിനെയാണ് താന്‍ തടഞ്ഞത്. അത് നാട്ടിലെ ജനങ്ങലെ വിഡ്ഡികളാക്കാന്‍ വേണ്ടി ചെയ്തതാണ്. എന്തുകൊണ്ട് നേരത്തെ അരി കൊടുത്തില്ല?. രണ്ട് മൂന്ന് ആഴ്ചകൊണ്ട് കൊടുക്കേണ്ട അരി എന്തുകൊണ്ട് പൂഴ്ത്തിവെച്ചു എന്നും ചെന്നിത്തല ചോദിച്ചു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ടിയിരുന്ന അരി പൂഴ്ത്തിവെച്ചതും മുഖ്യമന്ത്രിയല്ലേ എന്ന് ചെന്നിത്തല ചോദിച്ചു. 

മൂന്നാഴ്ചയായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയല്ലേ?. വോട്ടുതട്ടാന്‍ വേണ്ടി അരി പൂഴ്ത്തിവെക്കുകയും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെ പറ്റിക്കാനാണിത്?. ആടിനെ പട്ടിയാക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. 

കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. സര്‍ക്കാരിന് ഒരു നേട്ടവും പറയാനില്ലാത്തതുകൊണ്ട്, നേരത്തെ കൊടുക്കേണ്ട അരി പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യുന്നത് ചട്ടലംഘനം തന്നെയല്ലേ. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി വളരെ വൃത്തികെട്ട നിലയില്‍ ഭരണദുര്‍വിനിയോഗം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ബിജെപിയുടെ യഥാര്‍ഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. ലാവലിന്‍ കേസ് 26 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചത് കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകില്ലേ?. ഇവിടെയുള്ള എല്ലാതരത്തിലുള്ള അന്വേഷണങ്ങളും മരവിപ്പിച്ചത് ബിജെപിയുമായുള്ള കൂട്ടുകെട്ടുമൂലമല്ലേ. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. ബാലശങ്കര്‍ പറഞ്ഞതുപോലെ ഇവിടെ സിപിഎം-ബിജെപി കൂട്ടുക്കെട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് മാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അത് ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണം. അത് ഒഴിവാക്കണം. ഇതുകൊണ്ടൊന്നും കള്ളവോട്ടിനെതിരെയുള്ള തന്റെ പോരാട്ടത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കേരളത്തിലെ നാലരലക്ഷം കള്ളവോട്ടുകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com