മോഷണമുതല്‍ സ്‌നേഹസമ്മാനമായി നല്‍കാന്‍ ജയിലില്‍; ഒടുവില്‍ തുരപ്പന്‍ സന്തോഷ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 07:52 AM  |  

Last Updated: 27th March 2021 07:57 AM  |   A+A-   |  

the theft attempt failed


പയ്യന്നൂർ: സ്നേഹസമ്മാനമായി മോഷണമുതലുകളുമായി ജയിലിലേക്കെത്തിയ പ്രതി പൊലീസ് പിടിയിൽ. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷാണ്‌ (36) പോലീസിന്റെ പിടിയിലായത്. മട്ടന്നൂർ ചാലോട്ടിൽനിന്നാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. 

പയ്യന്നൂർ ഡിവൈഎസ്പ. എം.സുനിൽകുമാറിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം കവർച്ചക്കേസുകളിൽ പ്രതിയാണ് ഇയാൾ. തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പർ മാർക്കറ്റിലും നടത്തിയ കവർച്ചകളിലും മട്ടന്നൂർ, ഇരിട്ടി, കാസർകോട്, മേൽപ്പറമ്പ്, ബേക്കൽ, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളിൽ നടന്ന നിരവധി കവർച്ചക്കേസുകളിലും പ്രതിയാണ്. 

ജനുവരിയിലാണ് മോഷ്ടിച്ച പൂച്ചെടികളുമായി ഇയാൾ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെത്തിയത്. മോഷണമുതലുകളുമായാണ് എത്തിയതെന്ന സംശയത്തെത്തുടർന്ന് ഇയാളെ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തിൽനിന്ന്‌ കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തിൽ വൈപ്പിരിയത്തെ ആഗ്ര ടൈൽസിൽനിന്ന്‌ നിരീക്ഷണ ക്യാമറകൾ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ചതുമുൾപ്പെടെയുള്ള കേസുകളും ഇയാൾക്കെതിരേയുണ്ട്. പയ്യന്നൂർ പെരുമ്പയിലെ ഫൈസൽ ട്രേഡിങ് കമ്പനിയുടെ ചുമർ തുരന്ന് മുക്കാൽലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.