പെണ്‍കുട്ടിയെ കൊക്കയില്‍ തള്ളി, പിന്നാലെ മരത്തില്‍ തൂങ്ങിമരിച്ച് യുവാവ്; 26 മണിക്കൂറുകള്‍ക്ക് ശേഷം പ്ലസ് ടു വിദ്യാര്‍ഥിനിയെ രക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 06:29 AM  |  

Last Updated: 27th March 2021 06:29 AM  |   A+A-   |  

Five children suffocated to death

പ്രതീകാത്മക ചിത്രം


കുളമാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊക്കയിൽ തള്ളിയതിന് ശേഷം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി പവിലിയനിലാണ് സംഭവം. 250 അടി ആഴമുള്ള കൊക്കയിലേക്കാണ് പെൺകുട്ടി വീണത്.  26 മണിക്കൂറുകൾക്കു ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചു.

മേലുകാവ് ഇല്ലിക്കൽ അലക്‌സിനെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി. അലക്സും പെൺകുട്ടിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ബൈക്കിൽ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു. നാടുകാണിയിലെ വ്യൂ പോയിന്റിൽ നിന്ന് അൽപം അകലെയുള്ള ഒരു പാറക്കെട്ടിൽ നിന്നു താഴേക്കു വീണ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. 

പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും യുവാവ് പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നു താഴേക്കു തള്ളിയിട്ടുവെന്നും പൊലീസ് പറയുന്നു. 250 അടി താഴേക്കു വീണുപോയ പെൺകുട്ടി ബോധരഹിതയായി. അലക്സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി. പെൺകുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച മുതൽ അലക്‌സിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് ബന്ധുക്കൾ കാഞ്ഞാർ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.  വ്യാഴാഴ്ച രാവിലെ മുതൽ റോഡിൽ ബൈക്കും ഹെൽമറ്റുകളും ബാഗും ഇരിക്കുന്നത് സമീപത്തുള്ള റിസോർട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കുളമാവ് പൊലീസ് നടത്തിയ തിരച്ചിലിലാണ് പരുക്കേറ്റ നിലയിൽ പെൺകുട്ടിയെയും മരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്.  

മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കൊക്കയിൽ നിന്നു സ്ട്രെച്ചറിൽ വടം കെട്ടി പെൺകുട്ടിയെ റോഡിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെയും ഇടുപ്പെല്ലിന്റെയും അസ്ഥികൾക്കു പൊട്ടലുണ്ട്. അലക്‌സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.