ഭക്ഷ്യ കിറ്റ് തടഞ്ഞ നടപടി; യുഡിഎഫിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം

റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടയുന്നതില്‍ യുഡിഎഫ് പങ്ക് ആരോപിച്ച് ഞായറാഴ്ചമുതല്‍ വീടുകയറി പ്രചാരണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം: റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടയുന്നതില്‍ യുഡിഎഫ് പങ്ക് ആരോപിച്ച് ഞായറാഴ്ചമുതല്‍ വീടുകയറി പ്രചാരണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. റേഷനും ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂര സമീപനത്തിനെതിരെ പ്രതിഷേധമുയരണം. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

പകരം നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയത്. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യകിറ്റ്, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരള ജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണെന്നും  സിപിഎം പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com