സിസിടിവി കണ്ടാൽ കുട ചൂടും; മാസ്കും ​ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും; പൊലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 10:30 AM  |  

Last Updated: 28th March 2021 10:30 AM  |   A+A-   |  

arrive at 12 at night to commit theft

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: കുട ചൂടി മോഷണം നടത്തുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിൽ. വയനാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂർ മക്കരപറമ്പ് സ്വദേശി കാളൻതോടൻ അബ്ദുൽകരിം (38) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബ്ദുൽ ലത്തീഫിനായി അന്വേഷണം ഊർജിതമാക്കി.

ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്പാടി, പുത്തൻകുന്ന്, നായ്ക്കട്ടി, മൂലങ്കാവ് പ്രദേശങ്ങളിലും, നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടക്കര, മലങ്കര എന്നിവിടങ്ങളിലും, പുല്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുരഭിക്കവല, റോയൽപ്പടി, മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്. ബത്തേരി പ്രദേശത്ത് നിന്നു മാത്രം 30 ലക്ഷം രൂപയും, 73 പവനുമാണ് പ്രതികൾ ചേർന്ന് കവർന്നെടുത്തത്.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവർ. ബത്തേരി പഴുപ്പത്തൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്.

വൈകീട്ട് കാറിൽ സഞ്ചരിച്ച് ആളില്ലാത്ത വലിയ വീടുകൾ കണ്ടുവെച്ച് രാത്രി 12 മണിയോടെയെത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. സിസിടിവിയുള്ള വീടുകളിൽ ദൃശ്യം റെക്കോർഡ് ചെയ്തുവെക്കുന്ന ഹാർഡ് ഡിസ്‌ക് ഇവർ എടുത്തു കൊണ്ടുപോകുമെന്ന് പൊലീസ് പറയുന്നു. പാന്റ്‌സും ഷർട്ടും ഷൂവുമൊക്കെ ധരിച്ചെത്തുന്ന കള്ളൻ പൊലീസിന് തെളിവു ലഭിക്കാതിരിക്കാൻ ഗ്ലൗസും മാസ്കുമിട്ടാണ് മോഷ്ടിക്കാനിറങ്ങിയിരുന്നത്.

സിസിടിവിയുള്ള സ്ഥലങ്ങളിലെത്തുമ്പോൾ കുടചൂടി മുഖം മറച്ചുപിടിക്കുന്ന കള്ളൻ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഈ കള്ളൻമാരെ പിടികൂടുന്നതിനായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

സമാനമായ മോഷണ രീതിയുടെ അടിസ്ഥാനത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അതിനിടെയാണ് ഒരു വാറണ്ട് കേസിൽ മണ്ണാർക്കാട് നിന്ന് പെരിന്തൽമണ്ണ പൊലീസ് സംഘം അബ്ദുൽകരീമിനെ പിടികൂടിയത്. 

തുടർന്ന് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മോഷണം നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി അറസ്റ്റ് ചെയ്തു. ബത്തേരി ജെഎഫ്സിഎം കോടതി (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.