എംഎല്‍എ ട്രോഫി ഫുട്‌ബോള്‍; ഖത്തര്‍ ലോകകപ്പ് നേരില്‍ കാണാന്‍ അവസരം; വാഗ്ദാനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 07:19 PM  |  

Last Updated: 28th March 2021 07:19 PM  |   A+A-   |  

sulaiman_haji

കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി

 

മലപ്പുറം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ നേരിട്ട് കാണാന്‍ അവസരം വാഗ്ദാനം ചെയ്ത് കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. കാട്ടുപരുത്തി സുലൈമാന്‍ ഹാജിയുടെ മണ്ഡല വികസന രേഖയിലാണ് ഇക്കാര്യം പറയുന്നത്. കൊണ്ടോട്ടി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വയ്ക്കുന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളേയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. 2022ലെ പ്രഥമ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകക്കപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നുള്ളതാണ് വികസന രേഖയിലെ ഹൈലൈറ്റ് വാഗ്ദാനം. കൊണ്ടോട്ടിയെ എയര്‍പോര്‍ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം, ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നുണ്ട്.

ആരോഗ്യം, കായികം, തൊഴില്‍, ടൂറിസം, പട്ടികജാതി ക്ഷേമം, ഗതാഗതം എന്നീ മേഖലകളില്‍ ഊന്നിയാണ് വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്.