സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നേക്കാം; 45നു മുകളിലുള്ളവര്‍ ഉടന്‍ വാക്‌സിനെടുക്കാന്‍ നിര്‍ദേശം; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 08:06 AM  |  

Last Updated: 28th March 2021 08:06 AM  |   A+A-   |  

ivermectin_covid

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ആദ്യഘട്ടത്തിലേതിനേക്കാൾ അതിവേഗത്തിലെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരും എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടു നിലയാണ്. ഇതോടെ ഇപ്പോൾ താഴ്ന്നു നിൽക്കുന്ന കോവിഡ് കണക്കുകൾ രണ്ടുമാസത്തിനകം  കുതിച്ചുയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രോഗവ്യാപനം കണക്കിലെടുത്ത് 45 നു മുകളിൽ പ്രായമുളളവർ എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. 

45നു മേൽ പ്രായമുള്ളവർക്ക് സംസ്ഥാനത്തു ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന കോവിഡ് വാക്സിനേഷനിൽ പ്രതിദിനം 2.50 ലക്ഷം പേരെ പങ്കെടുപ്പിക്കാൻ തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്സിനേഷനു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ വാക്സീൻ സ്വീകരിച്ചു സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡിന്റെ ആദ്യ ഘട്ടത്തിൽ  30000ൽ നിന്ന് 60000ലേയ്ക്ക് കോവിഡ് പ്രതിദിന വർധനയെത്താൻ 23 ദിവസം എടുത്തു. എന്നാൽ ഇപ്പോൾ രണ്ടാം വരവിൽ 10 ദിവസമേ വേണ്ടി വന്നുളളു. കോവിഡ് വർധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തിൽ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. 

വ്യാപന ശേഷി കൂടുമ്പോൾ മരണ നിരക്കും ഉയർന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററർ, വിഷു ആഘോഷങ്ങളും കോവിഡ് വ്യാപന ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിൻ എടുത്തിരിക്കുന്നത്.