കടകംപള്ളി സുരേന്ദ്രനെതിരെ പല രേഖകളും കയ്യിലുണ്ട്, പുറത്തുവിടും; വടകരയില്‍ കെ കെ രമയെ പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെ: മുല്ലപ്പള്ളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 11:12 AM  |  

Last Updated: 28th March 2021 11:12 AM  |   A+A-   |  

kerala election

വാര്‍ത്താസമ്മേളനത്തില്‍ കെ കെ രമയ്‌ക്കൊപ്പം മുല്ലപ്പള്ളി

 

കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ജയിക്കാമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് കെ കെ രമയും വ്യക്തമാക്കി. 

പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാന്‍ അര്‍ഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പിആര്‍ ജോലികള്‍ക്കായി ഈ സര്‍ക്കാര്‍ 1000 കോടി ചെലവഴിക്കുന്നുവെന്നാണ് ആക്ഷേപം. 

ശബരിമലക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയ പ്രതിസന്ധിയുണ്ട്. നിലപാട് തരം പോലെ മാറ്റുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. കടകംപള്ളി സുരേന്ദ്രനെതിരെ പല രേഖകളും തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട കെപിസിസി അധ്യക്ഷന്‍ ഇവ പുറത്ത് വിടുമെന്നും മുന്നറിയിപ്പ് നല്‍കി.

സപീക്കര്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാര്‍ട്ടിയാണിതെന്ന് ഓര്‍മ്മ വേണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജന്‍സികളുടെ പിഴവാണ്. എന്ത് കൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നും മുല്ലപ്പള്ളി പറയുന്നു.