ഇഡിക്കെതിരെ കേസെടുത്ത നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് രാജ്നാഥ് സിങ്; ഭരണഘടന പഠിക്കൂ എന്ന് യെച്ചൂരിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 01:24 PM  |  

Last Updated: 28th March 2021 01:26 PM  |   A+A-   |  

BJP-CPM

ഫോട്ടോ: ട്വിറ്റർ

 

തിരുവനന്തപുരം: ഇഡിക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ വാക് പോരുമായി ബിജെപി- സിപിഎം കേന്ദ്ര നേതാക്കൾ. ഇഡിക്കെതിരെ കേസെടുത്ത നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. രാജ്നാഥ് സിങ് ഭരണഘടനം പഠിക്കണം എന്നായിരുന്നു ഇതിന് മറുപടിയായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇഡിക്കെതിരെ കേരളം കേസെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിർമിക്കും. കോവിഡ് പ്രതിരോധത്തിൽ കേരളം പൂർണ പരാജയമായിരുന്നുവെന്നും എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്നും രാജ്നാഥ് സിങ് ആരോപിച്ചു.  

ഇഡിക്കെതിരായ കേസ് ഭരണഘടനാ വിരുദ്ധമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്നാഥ് സിങ് ആദ്യം ഭരണഘടന പഠിക്കണം എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സംസ്ഥാന സർക്കാരിൻറെ അനുമതിയില്ലാതെ ഒരു കേന്ദ്ര ഏജൻസിക്കും ഇടപെടാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു.