ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണം; തലശേരിയില്‍ ഷംസീറിനെതിരെ വോട്ട് ചെയ്യണം; സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 08:31 PM  |  

Last Updated: 28th March 2021 08:31 PM  |   A+A-   |  

suresh gopi

ഫയല്‍ ചിത്രം

 

തൃശൂരില്‍: ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വോട്ട് നോട്ടയ്ക്ക് അല്ലെങ്കില്‍ സിപിഎമ്മിനെതിരെ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. കെഎന്‍എ ഖാദര്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. തലശേരിയില്‍ വോട്ട് ഷംസീറിനെതിരെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബിജെപി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കെഎന്‍എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ കാരണം.