ജനപങ്കാളിത്തത്തില്‍ നിയന്ത്രണം ഇല്ല; തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ഞായറാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍:  തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഞായറാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പൂരത്തിലെ ജനപങ്കാളിത്തത്തിലും എക്‌സിബിഷനിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല.

നേരത്തെ പൂരം മുടങ്ങില്ലെന്നു മന്ത്രി വിഎസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതല്ലാതെ എക്‌സിബിഷന് 200 പേര്‍ക്കുമാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ആരോഗ്യവകുപ്പ് പൂരം പ്രദര്‍ശനത്തിന് ഒരേ സമയം 200 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിലയില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് പൂരം സംഘാടകര്‍ പറയുന്നത്. 

വന്‍ തുക മുടക്കിയാണു പൂരം പ്രദര്‍ശനം നടത്തുന്നതെന്നും ഈ വരുമാനമാണ് പൂരം പ്രൗഢഗംഭീരമായി നടത്താനുള്ള സാമ്പത്തിക സ്രോതസ്സെന്നുമാണു സംഘാടകരുടെ നിലപാട്.  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ആളുകള്‍ വരുന്നത് കുറയുകയും അതുവഴി വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്യുമെന്നുമാണ് ദേവസ്വവും സംഘാടകരും പറയുന്നത്. 
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും ദേവസ്വത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതില്‍നിന്നു വിഭിന്നമായാണ് പൂരം പ്രദര്‍ശനത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമുണ്ടായത്. എന്നാല്‍ പൂരത്തിനും പൂരപ്രദര്‍ശനത്തിനും വിഘ്‌നമുണ്ടാക്കുന്ന ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നാണ് മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com