കാനഡയിൽ 5 ലക്ഷം ശമ്പളത്തിൽ ജോലി, വ്യാജ വിസ നൽകി 8 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 08:52 AM  |  

Last Updated: 29th March 2021 08:52 AM  |   A+A-   |  

Woman arrested

പ്രതീകാത്മക ചിത്രം

 

തൃശൂർ; കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കൊയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ. അരഗൂർ ഗണപതി ഗാർഡനിൽ ശ്യാമള (32) ആണ് അറസ്റ്റിലായത്. 5 ലക്ഷം രൂപ വരെ ശമ്പളത്തിൽ കാന‍ഡയിൽ കാറ്ററിങ് മാനേജർ തസ്തികയിൽ ജോലി നൽകാമെന്നും പറ‍ഞ്ഞ്  8 ലക്ഷം രൂപ വാങ്ങി വ്യാജ വീസ നൽകിയെന്നാണ് കേസ്. തൃശൂർ സ്വദേശിയാണ് പരാതി നൽകിയത്. 

ഒന്നര വർഷം മുൻപാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. പരാതിക്കാരനെ ഡൽഹിയിൽ കൊണ്ടുവന്നാണ് വീസ നൽകിയത്. തൊഴിൽ വീസ എന്ന വ്യാജേന വിസിറ്റിങ് വീസയാണ് ശ്യാമള നൽകിയിരുന്നത്. എംബസി അധികൃതർ വീസ നിരസിച്ചപ്പോഴാണ് ഇതു തൊഴിൽ വീസയല്ലെന്നു ഇവർ അറിയുന്നത്. പിന്നീട് ലഭിച്ച വീസയും സംശയം തോന്നിയതിനാൽ പരാതിക്കാരൻ കാനഡ എംബസിയിൽ പരിശോധനയ്ക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ  സ്ഥാപനം വഴിയാണ് തട്ടിപ്പ്. കാനഡ, കംപോഡിയ, അർമേനിയ, അസർബൈജൻ എന്നിവിടങ്ങളിലേക്കു വീസ നൽകാമെന്നു പറ‍ഞ്ഞാണ് പണം തട്ടുന്നത്. ഈ കേസിൽ ഇനിയും പ്രതികളുണ്ടെന്നു സൂചനയുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.