'എന്തുപറഞ്ഞാലും സ്ത്രീ സ്ത്രീതന്നെയാണ്'; ഭയപ്പെടുത്തി കള്ളവോട്ട് ചെയ്യും; കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടവോട്ട് സിപിഎം ചേര്‍ത്തതാകും: സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 12:01 PM  |  

Last Updated: 29th March 2021 12:02 PM  |   A+A-   |  

congress leader k sudhakaran

കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം


 

കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കൂടുതലും നിയോഗിക്കുന്നത് സ്ത്രീകളെയാണെന്നും അവരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സിപിഎം നീക്കമെന്നും കെ സുധാകരന്‍ എംപി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടത് യൂണിയനുകളില്‍ പെട്ടവരാണ് എന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോലും കള്ളവോട്ട് തടയാനാവില്ല. എന്തുപറഞ്ഞാലും സ്ത്രീ സ്ത്രീതന്നെയാണ്. സിപിഎം ആധിപത്യമുള്ള ആന്തൂര്‍, കല്ല്യാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത് എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സ്ത്രീകള്‍ക്ക് സിപിഎമ്മിന്റെ ഭയപ്പെടുത്തല്‍ അതിജീവിക്കാനാവില്ല. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളത്. കണ്ണൂരുല്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നത് ആദ്യമായല്ല. എടയ്ക്കാട് മണ്ഡലത്തിലെ തന്റെ ആദ്യ വിജയം അതിന്റെ തെളിവാണ്. അന്ന് സിപിഎം കള്ളവോട്ടിന് എതിരെ സുപ്രീം കോടതിയില്‍ ചെന്ന് തെളിയിച്ചതാണ് എന്നും സുധാകരന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ട വോട്ടുണ്ടെങ്കില്‍ അതും സിപിഎം ചേര്‍ത്തതാകും. പിടിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസും ഉണ്ടെന്ന് പറയാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.