ലൗ ജിഹാദ് മതമൗലികവാദികളുടെ പ്രചാരണം ; ജോസ് കെ മാണിക്കെതിരെ സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 12:08 PM  |  

Last Updated: 29th March 2021 12:26 PM  |   A+A-   |  

kanam and jose k mani

കാനം രാജേന്ദ്രന്‍, ജോസ് കെ മാണി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ലൗ ജിഹാജ് വിഷയത്തില്‍ ജോസ് കെ മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദ് എന്നത് മതമൗലികവാദികളുടെ പ്രചാരണമാണ്. അത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലില്ല. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കാനം പറഞ്ഞു. 

എല്‍ഡിഎഫിന്റെ അഭിപ്രായങ്ങള്‍ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്തവ അതത് പാര്‍ട്ടികളുടെ അഭിപ്രായം മാത്രമാണ്. പ്രകടനപത്രികയില്‍ പറഞ്ഞകാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് അധികാരമെന്നും കാനം പറഞ്ഞു. 

ജോസ് കെ മാണിയുടെ പ്രസ്താവന താന്‍ കേട്ടിട്ടില്ല. ലൗജിഹാദ് വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യ്തതിന് കാനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ചില ആളുകള്‍ സ്വപ്‌നം കണ്ടാല്‍, അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് എന്താണ് മറുപടി പറയേണ്ടത് എന്നായിരുന്നു. 

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലൗജിഹാദ് വിഷയത്തില്‍ കഴിഞ്ഞദിവസം ജോസ് കെ മാണി നടത്തിയ പ്രതികരണമാണ് വീണ്ടും ചര്‍ച്ചയായത്. 

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് വ്യക്തത വേണമെന്നും ആയിരുന്നു ജോസ് കെ മാണി പറഞ്ഞത്. ലൗജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.