ലൗ ജിഹാദ്: മുന്നണിയുടെ അഭിപ്രായം തന്നെ പാര്‍ട്ടിക്കും; മലക്കംമറിഞ്ഞ് ജോസ് കെ മാണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 02:29 PM  |  

Last Updated: 29th March 2021 02:29 PM  |   A+A-   |  

kerala congress leader jose k mani

ജോസ് കെ മാണി / ഫയല്‍ ചിത്രം

 


കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് തിരുത്തി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചുള്ള പരാമര്‍ശം ഏറ്റെടുത്ത് ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് േേജാസ് കെ മാണിയുടെ നിലപാട് മാറ്റം.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. തുടര്‍ന്ന് ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസിയും രംഗത്തെത്തി. 

ജോസ് കെ മാണിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അതേപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജോസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ലൗ ജിഹാദ് എന്നത് മതമൗലികവാദികളുടെ പ്രചാരണമാണ്. അത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലില്ല. ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കാനം പറഞ്ഞു.

എല്‍ഡിഎഫിന്റെ അഭിപ്രായങ്ങള്‍ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്തവ അതത് പാര്‍ട്ടികളുടെ അഭിപ്രായം മാത്രമാണ്. പ്രകടനപത്രികയില്‍ പറഞ്ഞകാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് അധികാരമെന്നും കാനം പറഞ്ഞു.