പരാതി പതിനൊന്നാം മണിക്കൂറില്‍; പിഴവ് തിരുത്താനുള്ള അവസരം ഉപയോഗിച്ചില്ല; ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 12:37 PM  |  

Last Updated: 29th March 2021 12:44 PM  |   A+A-   |  

tikaram_neena-ramesh_chennithala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 

കൊച്ചി: ഇരട്ടവോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറില്‍ ആണെന്നും പിഴവ് തിരുത്താനുള്ള അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ ഇനി കോടതിക്ക് ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഇരട്ടവോട്ടുള്ളവര്‍ ഒരു സ്ഥലത്തുമാത്രം വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ഇതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ജനാധിപത്യ പ്രക്രിയയില്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാള്‍ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേര്‍ക്കുമ്പോള്‍ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാന്‍ മാര്‍ഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ഓണ്‍ലൈന്‍ സംവിധാനം വഴി വോട്ടു ചേര്‍ക്കുമ്പോള്‍, പഴയ സ്ഥലത്ത് വോട്ടുള്ളവര്‍ക്ക്, അവരുടെ പഴയ ബൂത്തിലെ വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റായി പോകാനുള്ള സാങ്കേതിക സംവിധാനം ഇല്ലേയെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. സംസ്ഥാനത്ത് നാലു ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.