യാത്രക്കാരോട് മാന്യമായി പെരുമാറണം, കെഎസ്ആർടിസി ജീവനക്കാർക്ക് യോ​ഗ ക്ലാസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 07:49 AM  |  

Last Updated: 29th March 2021 07:49 AM  |   A+A-   |  

KSRTC strike tomorrow

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോ​ഗ ക്ലാസ്.  ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് നീക്കം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള പരിശീലനവും നൽകുന്നുണ്ട്.

രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. ഡ്രൈവർമാർക്ക് മൂന്നുദിവസവും കണ്ടക്ടർമാർക്ക് രണ്ടുദിവസവുമാണ് പരിശീലനം.  വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. ഡ്രൈവർമാർക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. മികച്ച ഡ്രൈവിങ് ഉറപ്പാക്കാൻ ഡ്രൈവിങ് പരിശീലകരും, റോഡ്‌സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും.

ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും. കോവളം അനിമേഷൻ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലുമാണ് പരിശീലനം നടക്കുന്നത്. ആദ്യബാച്ചിലെ 350 ജീവനക്കാർക്കാണ് ഇവിടെ പരിശീലനം പുരോ​ഗമിക്കുന്നത്.