'ജീവിച്ചിരിപ്പില്ല' എന്ന് ബിഎൽഒയുടെ റിപ്പോർട്ട്; എംജിഎസ് നാരായണന് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 08:26 AM  |  

Last Updated: 30th March 2021 08:26 AM  |   A+A-   |  

MGS Narayanan could not cast his postal vote

എംജിഎസ് നാരായണൻ/ ഫെയ്സ്ബുക്ക്

 

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്ത കണ്ട് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചരിത്രകാരൻ എംജിഎസ് നാരായണന് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിച്ചില്ല. ജീവിച്ചിരിപ്പില്ലെന്നാണ് ബിഎൽഒ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാതെ പോയത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട്ട് വന്നതിനാൽ തപാൽ വോട്ടിനുള്ള ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെടാതെ പോകുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകർ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബിഎൽഒ പറഞ്ഞു. അതിനാൽ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല.

80 വയസ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ് വീട്ടിൽ നിന്ന് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് 80 പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. 

വോട്ടർപട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കലക്ടർ എസ് സാംബശിവറാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റൽ ബാലറ്റ് നൽകാൻ കഴിഞ്ഞില്ല. എംജിഎസുമായി നേരിട്ട് സംസാരിച്ചുവെന്നും കലക്ടർ വ്യക്തമാക്കി.