'രാഹുൽ ​ഗാന്ധിക്ക് മുന്നിൽ വളഞ്ഞും കുനിഞ്ഞുമൊന്നും നിൽക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല'- അധിക്ഷേപിച്ച് ജോയ്സ് ജോർജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 08:49 AM  |  

Last Updated: 30th March 2021 08:49 AM  |   A+A-   |  

insulting Congress leader Rahul Gandhi

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസം​ഗിക്കുന്ന ജോയ്സ് ജോർജ്/ ടെലിവിഷൻ ദൃശ്യം

 

തൊടുപുഴ:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എംപി ജോയ്സ്‍ ജോർജിന്റെ വിവാദ പ്രസം​ഗം. രാഹുൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുൻ എംപി മോശം പരാമർശം നടത്തിയത്. ഇടുക്കി ഇരട്ടയാറിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിലായിരുന്നു വിവാദ പരാമർശം. 

'പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിലേ രാഹുൽ ​ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാൽ പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്ന് നിൽക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ​ഗാന്ധിയുടെ മുന്നിൽ വളഞ്ഞു നിൽക്കാനും കുനിഞ്ഞു നിൽക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്'- എന്നായിരുന്നു ജോയ്സ് ജോർജിന്റെ പരാമർശം. 

കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടുക്കിയിൽ എത്തിയ രാഹുൽ സംസ്ഥാന സർക്കാരിനെ വലിയ രീതിയിൽ കടന്നാക്രമിച്ചിരുന്നു. ഇതിനെ വിമർശിക്കുന്നതിന് ഇടയിലാണ് രാഹുലിന് എതിരെ ജോയ്സ് ജോർജ് മോശം പരാമർശം നടത്തിയത്.  

വിവാദ പരാമർശം നടത്തിയ ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവൻറെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വന്നതെന്നും ഡീൻ പറഞ്ഞു.  ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും വ്യക്തമാക്കി.