തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പ്രിയങ്ക ​ഗാന്ധിയും ഇന്നെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 07:21 AM  |  

Last Updated: 30th March 2021 07:21 AM  |   A+A-   |  

Prime Minister Narendra Modi

ഫയല്‍ ചിത്രം

 

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് അദ്ദേഹം ഹെലികോപ്റ്ററിൽ വന്നിറങ്ങും. ഈ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണ യോഗം കൂടിയാണിത്. 

പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന - ജില്ലാ നേതാക്കൾ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളന വേദി. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർത്ഥിയുമായ സി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ചീഫ് വിപ്പ് സുനിൽകുമാർ എന്നിവരുമുണ്ട്.

അരലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ  വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. 

കോൺ‍​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടർന്ന് കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര മണ്ഡലങ്ങളിൽ വോട്ടു ചോദിച്ചെത്തും. നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയിൽ നിന്ന്  റോഡ് ഷോയിൽ പങ്കെടുക്കും. വലിയതുറയിലാണ് സമാപന സമ്മേളനം. നാളെ തൃശൂർ ജില്ലയിലാണ് പര്യടനം.