തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം; സർക്കാരിനെതിരെ ഉദ്യോ​ഗാർഥികൾ സമരം കടുപ്പിക്കുന്നു; സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 08:03 AM  |  

Last Updated: 30th March 2021 08:03 AM  |   A+A-   |  

Job seekers intensify strike against government

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നു. തെര‍ഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഉദ്യോ​ഗാർഥികൾ സമരം കടുപ്പിക്കുന്നത്. 

കാരക്കോണത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് നാളെയും മറ്റന്നാളുമായി ഉദ്യോ​ഗാർഥികൾ ലോങ് മാർച്ച് സംഘടിപ്പിക്കും. പട്ടികയിൽ ഇടം പിടിച്ചിട്ടും ജോലി കിട്ടാത്തതിൽ നിരാശനായി ജീവനൊടുക്കിയ കാരക്കോണം സ്വദേശി അനുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അനുവിന്റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും. 

സെക്രട്ടേറിയറ്റിനു മുന്നിൽ ശക്തമായ സമരം ചെയ്ത സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കെഎസ്ആർടിസി റിസർവ് ഡ്രൈവർ, മെക്കാനിക് റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരാണു കാൽനട പ്രതിഷേധം സംഘടിപ്പിക്കുന്നത്. മറ്റന്നാൾ മാർച്ച് തിരുവനന്തപുരത്ത് എത്തുന്നതിനൊപ്പം തമ്പാനൂരിൽ നിന്ന് തൊഴിൽരഹിതരുടെ റാലിയും സംഘടിപ്പിക്കും.

സെക്രട്ടേറിയറ്റിനു മുന്നിലെ സമാപന സമ്മേളനം സിനിമ നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും.  ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിനു നേരെയുള്ള സർക്കാർ സമീപനവും പിൻവാതിൽ നിയമനങ്ങളും വലിയ തെരഞ്ഞെടുപ്പ് വിഷയമായി കത്തി നിൽക്കെയാണ് ഉദ്യോഗാർഥികൾ പ്രതിഷേധം കടുപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഒ പട്ടികയിലുള്ളവർ രണ്ട് മാസം മുൻപ് ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്.