രാജ്യസഭാ തെരഞ്ഞെടുപ്പ്: നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th March 2021 07:01 PM  |  

Last Updated: 30th March 2021 07:01 PM  |   A+A-   |  

rajya sabha polls

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചത്. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പതിനാലാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ജൂണ്‍ ഒന്നിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ വാക്കാല്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഈ നിലപാട് പിന്‍വലിക്കുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.

ഇന്ന്  കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഏത് തീയതിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാംതീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വച്ചു. 

കമ്മീഷന്‍ നിലപാട് മാറ്റിയതിനെതുടര്‍ന്ന് ഇന്ന് തന്നെ കേസില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാരും, സിപിഎം നേതാവ് എസ് ശര്‍മയുടെ അഭിഭാഷകനും  ആവശ്യപ്പെട്ടു. എന്നാല്‍  വിശദീകരണം  അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മീഷന്‍  വ്യക്തമാക്കിയതോടെ  കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.