19 രൂപ ടിക്കറ്റ് എടുക്കാതെ പൊലീസുകാരന്റെ ഓസ് യാത്ര; തര്‍ക്കത്തിനൊടുവില്‍ 3000 രൂപ പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 07:55 AM |
Last Updated: 30th March 2021 07:55 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കെഎസ്ആർടിസി ബസിൽ ടിക്കറ്റിനു പണം കൊടുക്കാതെ യാത്ര ചെയ്ത പൊലീസുകാരന് ഒടുവിൽ അടക്കേണ്ടി വന്നത് 3000 രൂപ പിഴ.
ടിക്കറ്റില്ലാതെ യാത്ര ചെയ്യാനുള്ള പൊലീസുകാരന്റെ ശ്രമം കണ്ടക്റ്റർ ചോദ്യം ചെയ്തതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി.
കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ പരാതി പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ ട്രിപ്പ് മുടക്കിയതിന്റെ നഷ്ടപരിഹാരമായി പൊലീസുകാരൻ 3000 രൂപ പിഴയടച്ചു കേസ് അവസാനിപ്പിച്ചു. അപ്പോഴും ടിക്കറ്റിന്റെ പണം ഇയാൾ നൽകിയില്ല.
തിങ്കളാഴ്ച രാവിലെ 10.30നു തൃപ്പൂണിത്തുറ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണു സംഭവം. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് സ്റ്റോപ്പിൽ നിന്നു കയറിയ ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥൻ ആലുവായ്ക്കു ടിക്കറ്റെടുത്തുവെങ്കിലും ടിക്കറ്റ് നിരക്കായ 19 രൂപ നൽകാൻ തയാറായില്ല. പണം ചോദിച്ച തന്നെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമായിരുന്നു കണ്ടക്ടർ വിപിൻകുമാറിന്റെ പരാതി. ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞു കെഎസ്ആർടിസിയിലെ ഉന്നതോദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ എത്തി.