കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം നല്‍കണം, 30 ദിവസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തണം; ഹൈക്കോടതി

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകന് നല്‍കണമെന്ന് ഹൈക്കോടതി.


കൊച്ചി: കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകന് നല്‍കണമെന്ന് ഹൈക്കോടതി. ക്രമക്കേടിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ അന്വേഷണത്തിനൊടുവില്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും നല്‍കണം. മുപ്പതുദിവസത്തിനകം അങ്ങനെയുള്ളവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.

എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലെ ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ വിവരം നല്‍കേണ്ടതില്ല. കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരുംവരെ പേരും പദവിയും മറ്റും വിവരാവകാശ അപേക്ഷകന് നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരെന്ന് തെളിഞ്ഞവരുടെയും നടപടിക്ക് വിധേയരായവരുടെയും വിവരം രഹസ്യമാക്കിവെക്കാന്‍ അധികാരികള്‍ക്ക് അവകാശമില്ല. വിവരത്തിന്റെ സുതാര്യത, പൊതുതാത്പര്യസംരക്ഷണം എന്നിങ്ങനെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയാവണം നടപടിയെന്നും കോടതി ഓര്‍മിപ്പിച്ചു.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം നല്‍കാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ വിവരാവകാശ പൊതു അധികാരിയും അപ്പീല്‍ അധികാരിയും ചേര്‍ന്ന് നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചുകൊണ്ടാണീ വിധി. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ആര്‍ രാധാകൃഷ്ണനാണ് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കുറ്റാരോപിതനായി അന്വേഷണം നേരിടുന്ന ഘട്ടത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ളതൊഴിച്ച് കുറ്റക്കാരെന്ന് തെളിഞ്ഞവരുടെ വിവരങ്ങള്‍ നല്‍കാനായിരുന്നു രാധാകൃഷ്ണന്റെ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.

ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. വിവരം നല്‍കുന്നത് പൊലീസ് സേനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും വാദിച്ചു. വിവരം ലഭിക്കാന്‍ സാധാരണക്കാര്‍ക്ക് അവകാശമുണ്ടെന്നും അതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്തയെന്നും വിവരാവകാശ കമ്മിഷന്‍ ബോധിപ്പിച്ചു.

പൊലീസിലെ കുറ്റവാളികള്‍ ആരൊക്കെയെന്നും അവരുടെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്തെന്നും അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നുതന്നെയാണ് അപേക്ഷകനും വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com