ഇഡിക്കെതിരായ കേസ്: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 03:04 PM  |  

Last Updated: 31st March 2021 03:08 PM  |   A+A-   |  

Crime branch seeks permission to question Sandeep Nair

സന്ദീപ് നായര്‍/ഫയല്‍

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന കേസില്‍ നിജസ്ഥിതികള്‍ അറിയുന്നതിന് സന്ദീപ് നായരെ ചോദ്യം ചെയ്യമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി. 

സ്വര്‍ണക്കടത്തു കേസില്‍ സന്ദീപ് നായര്‍ അടക്കം അഞ്ചുപേരെ എന്‍ഐഎ മാപ്പുസാക്ഷികളാക്കിയിരുന്നു. ഇന്നലെയാണ് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചത്. 

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സന്ദീപ് നായരെ ഒഴിവാക്കി കോടതിയില്‍ എന്‍ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. തുടര്‍ന്ന് മാപ്പുസാക്ഷിയാക്കണമെന്ന എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സന്ദീപ് നായര്‍ അടക്കം അഞ്ചുപേരെ മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷയാണ് കോടതി അംഗീകരിച്ചത്. 

കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്‍ഫോഴ്‌സ്‌മെന്റ് കേസും കസ്റ്റംസ് കേസില്‍ കോഫെ പോസെ ചുമത്തിയതിനാലുമാണ് സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാവാത്തത്.