ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധം; അനുവദിച്ചാല്‍ നിയമ വ്യവസ്ഥ തകരുമെന്ന് ഇഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 12:36 PM  |  

Last Updated: 31st March 2021 12:36 PM  |   A+A-   |  

Crime Branch FIR Nonsense; If allowed, the legal system will be broken

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍. ഇഡിയുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്ന് പൊലീസ് അന്വേഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കില്ല. ഇഡിയുടെ അന്വേഷണം ശരിയായ ദിശയില്‍ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നത് അനുവദിച്ചാല്‍ നിയമ വ്യവസ്ഥ തകരുമെന്ന് ഇഡി ചൂണ്ടിക്കാട്ടി. മൊഴി നല്‍കുന്നതിന് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനു മേല്‍ സമ്മര്‍ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണന്നും ഇഡി അറിയിച്ചു.

സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിക്കു വിരുദ്ധമാണ് ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആര്‍. മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായതായി സ്വപ്ന കോടതിയില്‍ പറഞ്ഞിട്ടില്ല. ഇത്തരമൊരു ആക്ഷേപം എവിടെയും ഉന്നയിച്ചിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടി. സ്വപ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന പൊലീസുകാരിയാണ് കോള്‍ റെക്കോഡ് ചെയ്തത്. അവര്‍ ഫോണ്‍ നല്‍കി മറ്റാരുമായോ സംസാരിക്കുകയായിരുന്നെന്നും ഇഡി പറഞ്ഞു.

അന്വേഷണത്തിലൂടെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് ഇഡി ആരോപിച്ചു.