കോടിയേരിയുടെ ഭാര്യയുടെ ഐ ഫോണ്‍ സ്വന്തം ; സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയതല്ലെന്ന് ക്രൈംബ്രാഞ്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:37 PM  |  

Last Updated: 31st March 2021 05:37 PM  |   A+A-   |  

vinodhini balakrishnan

വിനോദിനി ബാലകൃഷ്ണന്‍ / ഫയൽ ചിത്രം

 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണെന്ന കസ്റ്റംസ് വാദം തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. വിനോദിനി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയത്.

കവടിയാറിലെ കടയില്‍നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത്. ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്‌പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്. രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലാണ് വിറ്റത്. അതിനാല്‍ ഹോള്‍സെയില്‍ ഡീലറില്‍നിന്ന് കസ്റ്റംസ്  വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 

ഡോളര്‍ക്കടത്ത് കേസില്‍ പ്രതിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ വിനോദിനി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും തനിക്ക് ആരും ഫോണ്‍ നല്‍കിയിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കിയിരുന്നു.