സിപിഎം പ്രചാരണം പഠിച്ചത് യോഗിയില്‍ നിന്നാണോ? ജോയ്‌സ് ജോര്‍ജ് സ്ത്രീകളെ അപമാനിച്ചു: പ്രിയങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 07:36 PM  |  

Last Updated: 31st March 2021 07:36 PM  |   A+A-   |  

Priyanka Gandhi

പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ എഎന്‍ഐ


 

തൃശൂര്‍: രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ജോയ്‌സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയില്‍ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക ചോദിച്ചു. തൃശൂരില്‍ യുഡിഎഫ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകളാണെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൈബിള്‍ ഉദ്ധരിക്കുന്ന പ്രധാനമന്ത്രി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മൗനം പാലിക്കുന്നതെന്തെന്ന് പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി ബൈബിള്‍ ഉദ്ധരിച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. കന്യാസ്ത്രീകള്‍ ആക്രമികപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മിണ്ടിയില്ല. രാജ്യത്ത് വിഭജനത്തിന്റെ വിത്ത് പാകിയിട്ട് ബൈബിള്‍ ഉദ്ധരിക്കുന്നത് പൊള്ളയാണ്. 

കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ സ്വന്തം പാര്‍ട്ടിയിലെ യുവ ഗുണ്ടകളാണ്.  വിദ്വേഷവും വെറുപ്പും പരത്തിയിട്ട് ബൈബിള്‍ ഉദ്ധരിക്കുകയാണ് എന്നും പ്രിയങ്ക പറഞ്ഞു.