4,34,000  ഇരട്ടവോട്ടുകളുടെ പൂര്‍ണവിവരങ്ങള്‍ രാത്രി പുറത്തുവിടും;  ആര്‍ക്കും പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല/ടെലിവിഷന്‍ ദൃശ്യം
രമേശ് ചെന്നിത്തല/ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം:  സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000  ഇരട്ടവോട്ടുകളുടെ വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തുവിടുക. www.operationtwins.com എന്ന വെബ്‌സൈറ്റലൂടെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക. 

ഈ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റഫറന്‍സിനായി ഉപോയഗിക്കാന്‍ കഴിയുമെന്നും അങ്ങനെ ഇരട്ടവോട്ട് തടയാന്‍ സഹായകരമായ രീതിയില്‍ ഇടപെടാന്‍ കഴിയുമെന്നും ചെന്നിത്തല പറയുന്നു.  വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണ്.  ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണതോതില്‍ തൃപ്തനല്ലെന്നും സംസ്ഥാനത്ത് ഇപ്പോഴും കളളവോട്ട് ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം ഇരട്ട വോട്ടു തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗ രേഖ ഹൈക്കോടതി അംഗീകരിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍, സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ടു തടയണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉറപ്പാക്കണം. വോട്ടെടുപ്പു സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ടുണ്ടെന്നും ഇവ മരവിപ്പിക്കണമെന്നുമാണ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇരട്ടവോട്ട് മരവിപ്പിക്കുന്നതിനൊപ്പം കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കു നിര്‍ദ്ദേശം നല്‍കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിര്‍ദ്ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com