കമ്മിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു, ഇരട്ട വോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണം; ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 04:06 PM  |  

Last Updated: 31st March 2021 04:06 PM  |   A+A-   |  

Kerala High Court

കേരള ഹൈക്കോടതി/ഫയല്‍

 

കൊച്ചി: ഇരട്ട വോട്ടു തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗ രേഖ ഹൈക്കോടതി അംഗീകരിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍, സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ടു തടയണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉറപ്പാക്കണം. വോട്ടെടുപ്പു സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ടുണ്ടെന്നും ഇവ മരവിപ്പിക്കണമെന്നുമാണ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇരട്ടവോട്ട് മരവിപ്പിക്കുന്നതിനൊപ്പം കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കു നിര്‍ദ്ദേശം നല്‍കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിര്‍ദ്ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവച്ചു. 

പരിശോധനയില്‍ 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു.