വൈഗയെ കൊണ്ടുപോയത് അബോധാവസ്ഥയില്‍ ?; ഫ്ലാറ്റില്‍ നിന്നും പുറത്തെത്തിച്ചത് തോളില്‍ കിടത്തി ബെഡ്ഷീറ്റു പുതപ്പിച്ച് ; മുറിയിലെ രക്തസാംപിള്‍ ആരുടേത് ?; സനുവിന്റെ തിരോധാനത്തില്‍ ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 11:10 AM  |  

Last Updated: 31st March 2021 11:10 AM  |   A+A-   |  

vaiga and sanu

വൈഗ, സനു മോഹന്‍ / ഫയൽ ചിത്രം

 

കൊച്ചി : 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ പുഴയില്‍ കണ്ടെത്തുകയും പിതാവിനെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കാണാതായ സനു മോഹനു വേണ്ടി പൊലീസ് തമിഴ്‌നാട്ടിലടക്കം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്ടില്‍ ഇയാള്‍ ഒളിവില്‍ താമസിക്കാനിടയുള്ള ഇടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണസംഘം പുറപ്പെട്ടിട്ടുള്ളത്. 

കഴിഞ്ഞ 20-ാം തീയതിയാണ് മഞ്ഞുമ്മല്‍ മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനുശേഷം പിതാവ് സനു മോഹനെ കണ്ടാതാകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സനുവിന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതായി കണ്ടെത്തി. ഇതിന്റെ സിസിടിവിദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കാറില്‍ സനുവാണോ, മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയായിട്ടില്ല.

വൈഗയുമായി പിതാവ് സനുമോഹന്‍ അകല്‍ച്ചയിലായിരുന്നു എന്ന് അമ്മ രമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ വലിയ സ്‌നേഹം കാണിച്ചിരുന്ന ഭര്‍ത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നതായാണ് രമ്യ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ, ഫ്ലാറ്റില്‍ നിന്നും സനുമോഹന്‍ പുറത്തേക്ക് പോകുമ്പോള്‍ വൈഗ അബോധാവസ്ഥയില്‍ ആയിരുന്നു എന്നുവ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഫ്ലാറ്റില്‍ നിന്നു വൈഗയെ തോളില്‍ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫ്ലാറ്റില്‍ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘര്‍ഷമുണ്ടായതിന്റെയോ തെളിവൊന്നും ലഭിച്ചിട്ടില്ല. പണം നല്‍കാനുള്ളവരുമായി സംഘര്‍ഷമുണ്ടാവുകയും വൈഗ അതില്‍ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വൈഗയെ കൊലപ്പെടുത്തിയതാണെന്ന സംശയം സാധൂകരിക്കുന്ന തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. 

സനുവിന്റെ വിവിധ രൂപത്തിലുള്ള രേഖാചിത്രങ്ങൾ (പൊലീസ് പുറത്തുവിട്ടത് ) 

അതേസമയം കങ്ങരപ്പടിയിലെ സനുവിന്റെ ഫ്ലാറ്റില്‍ നിന്ന് ലഭിച്ച രക്താവശിഷ്ടം വിശദപരിശോധനയ്ക്കായി പൊലീസ് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുമ്പോള്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. സനുവിന്റെ കൈയില്‍ 3 ഫോണാണ് ഉണ്ടായിരുന്നത്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. മൂന്നു ഫോണുകളും 21 മുതല്‍ സ്വിച്ചോഫ് ആണ്. കാണാതാകുന്നതിന് മുമ്പ് സനു ഒരു ഫോണ്‍ വിറ്റതായി കണ്ടെത്തി. ഇവയുടെയെല്ലാം കോള്‍, എസ്എംഎസ് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില നമ്പറുകള്‍ നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.