‘നീ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ....ദയവായി എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്’ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 01:23 PM  |  

Last Updated: 31st March 2021 01:23 PM  |   A+A-   |  

salim

സലിംകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ ഫെയ്‌സ്ബുക്ക്‌

 

കൊച്ചി : ശാരീരികമായി അവശതയിലായതോടെ  തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിപ്പിച്ച് നടൻ സലിംകുമാർ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് സലിംകുമാർ പ്രചാരണത്തിന് ഇറങ്ങിയത്. വയ്യാതായതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം റസ്റ്റ് എടുക്കുകയാണെന്ന് സലിംകുമാർ തന്നെ വിളിക്കുന്ന സ്ഥാനാർത്ഥികളോട് പറയുന്നു. 

‘‘ പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനു പോയി. ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണ്. പ്ലീസ് നിങ്ങൾക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ’’ പ്രചാരണത്തിനെത്താൻ വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളോട് സലിംകുമാർ പറയുന്നു. 

യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താൻ തയ്യാറാക്കിയ ഓഡിയോ സന്ദേശം ഫോണിലൂടെ തനിക്ക് തന്നെ ലഭിച്ചതായും സലിംകുമാർ പറയുന്നു. ചിറ്റാറ്റുകരയിലെ വീട്ടിൽ രാവിലെ സലിംകുമാർ ഞെട്ടിയെഴുന്നേറ്റത് ഒരു ഫോൺ ബെൽ കേട്ടാണ്. ഫോണെടുത്തപ്പോൾ വിളിക്കുന്നത് സലിംകുമാർ തന്നെ. പറവൂർ മണ്ഡലത്തിൽ വി ഡി സതീശനെ വിജയിപ്പിക്കണമെന്ന്  അഭ്യർത്ഥിക്കുന്ന സന്ദേശമാണ് ലഭിച്ചത്.  

‘നീ എവിടെ വേണമെങ്കിലും പൊക്കോളൂ....ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്’ എന്ന് അടുത്ത സുഹൃത്തായ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി അഭ്യർത്ഥിച്ചതായും സലിംകുമാർ പറയുന്നു. ഉറപ്പായും വരില്ലെന്ന് നടൻ മറുപടിയും നൽകി. എന്നാൽ ആ സ്ഥാനാർത്ഥിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് സലിംകുമാർ പറയുന്നു.