പാലക്കാട്ടെ ഓക്‌സിജൻ ക്ഷാമം: പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് കളക്‌ടർ 

ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഡിഎംഒ അടക്കമുള്ളവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്:  ഓക്‌സിജൻ ക്ഷാമം രൂക്ഷമായ പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ  പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ജില്ലാ കളക്‌ടർ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഡിഎംഒ അടക്കമുള്ളവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തു. ഓക്സിജൻ ക്ഷാമമുള്ള ആശുപത്രിക്ക് അടിയന്തിരമായി ഓക്സിജൻ എത്തിക്കുമെന്നും പ്രശ്ന പരിഹാര നടപടികൾ തുടങ്ങിയതായും കളക്ടർ അറിയിച്ചു.

ഇന്നലെ രാത്രി ഒറ്റപ്പാലത്തെ പി കെ ദാസ് ആശുപത്രിയിൽ ഓക്സിജൻ തീർന്ന അവസ്ഥയുണ്ടായപ്പോൾ മണിക്കൂറുകൾക്ക് ശേഷമാണ് റീഫിൽ ചെയ്യാൻ കഴി‍ഞ്ഞത്. പാലന ആശുപത്രിയിൽ നാല് മണിക്കൂറിലേക്കുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഇവിടെ 60 രോഗികൾ ചികിത്സയിലുണ്ട്. 

പാലക്കാടുള്ള കഞ്ചിക്കോട്ടെ പ്ലാന്റിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. വിതരണത്തിൽ ഇടനിലക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് കഞ്ചിക്കോട്ടെ അധികൃതർ വിശദീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com