വോട്ടെണ്ണല്‍; കോഴിക്കോട് റൂറലില്‍ ഒരാഴ്ച നിരോധനാജ്ഞ

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനുമായി ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 

റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍, ബൈക്ക് റാലി, ഡിജെ എന്നിവയൊന്നും നടത്താന്‍ പാടില്ല.  കണ്ടെയ്മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളിലും, ടിപിആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.

പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍  പ്രദര്‍ശിപ്പിക്കരുത്.

അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ സിആര്‍പിസി 144 പ്രകാരം കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com