'തട്ടിക്കൂട്ട് സര്‍വേകള്‍'; എക്‌സിറ്റ് പോള്‍ തെറ്റെന്നു കേരളം തെളിയിച്ചിട്ടുണ്ട്, യുഡിഎഫ് അധികാരത്തിലെത്തും: ;ചെന്നിത്തല

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല
രമേശ് ചെന്നിത്തല‌
രമേശ് ചെന്നിത്തല‌

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിനു തുടര്‍ഭരണം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

രണ്ട് ലക്ഷം വോട്ടര്‍മാരുള്ള ഒരു നിയോജക മണ്ഡലത്തില്‍ കേവലം 250 പേരെ മാത്രം ഫോണില്‍ വിവരങ്ങള്‍ ചോദിച്ച് തയ്യാറാക്കുന്ന ഇത്തരം എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. പലതും തട്ടിക്കൂട്ട് സര്‍വേകളാണ്. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ചിട്ടുള്ള ചരിത്രം കേരളത്തിനുണ്ടെന്നു ചെന്നിത്തല പറഞ്ഞു. 

എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഒരുതരത്തിലുള്ള പരിഭ്രമത്തിന്റെയും കാര്യമില്ല. വോട്ടെണ്ണല്‍ സമയത്ത് പല തരത്തിലുള്ള തിരിമറിക്കും സാധ്യതയുണ്ട്. അതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ഏജന്റുമാരും ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

എല്ലാതരത്തിലുള്ള വിലയിരുത്തലിലും യുഡിഎഫ് വിജയിക്കുമെന്ന് തന്നെയാണ് നിഗമനം. ജനങ്ങള്‍ ഒറ്റകെട്ടായി യുഡിഎഫിനൊപ്പം അണിനിരക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യപ്പെടും. കേരളത്തിലെ അടുത്ത സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരായിരിക്കുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com