കല്‍പറ്റയില്‍ ശ്രേയാംസിന് വീണ്ടും അടിതെറ്റി; സിദ്ദിഖിന് തിളങ്ങുന്ന ജയം

കല്‍പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് വിജയിച്ചു
ടി സിദ്ദിഖ്‌/ഫെയ്‌സ്ബുക്ക്‌
ടി സിദ്ദിഖ്‌/ഫെയ്‌സ്ബുക്ക്‌

സുല്‍ത്താന്‍ ബത്തേരി: കല്‍പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് വിജയിച്ചു.  എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ്‌കുമാറിനെയാണ് സിദ്ദിഖ് പരാജയപ്പെടുത്തിയത്. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിദ്ദിഖിന്റെ വിജയം.

കഴിഞ്ഞതവണ കൈവിട്ട കല്‍പറ്റ സീറ്റ് ടി സിദ്ദിഖിലുടെ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷനായ ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തിയത്. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ സിദ്ദിഖ് ആദ്യമായാണ് എംഎല്‍എ കുപ്പായമണിയുന്നത്. 

ഒറ്റക്കെട്ടായുള്ള പ്രചാരണത്തിലൂടെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനായതും നിഷ്പക്ഷ വോട്ടുകള്‍ സ്വാധീനിക്കാനായതും അനുകൂല ഘടകങ്ങളായി. വയനാട് മെഡിക്കല്‍ കോളജ്, റെയില്‍വേ, ബഫര്‍ സോണ്‍, കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ പ്രചാരണം.

പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും സഭയ്ക്ക് താല്‍പര്യമുള്ള ആളെ പരിഗണിക്കണമെന്ന സമ്മര്‍ദവും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥികളാവാന്‍ രംഗത്തു വന്ന അര ഡസനോളം നേതാക്കളില്‍നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉള്‍പ്പെടെ പരിഗണിച്ച് സിദ്ദിഖിന് സീറ്റ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശക്തനായ അനുയായി എന്ന നിലയിലും രാഹുല്‍ ഗാന്ധിക്കു വേണ്ടി വയനാട് ലോക്‌സഭ മണ്ഡലം ഒഴിഞ്ഞു കൊടുത്ത നേതാവ് എന്ന നിലയിലും സിദ്ദിഖിന് നറുക്ക് വീഴാന്‍ കാരണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com