'പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥി' പൊരുതി നേടി; കുറ്റിയാടിയില്‍ കുഞ്ഞമ്മദ് കുട്ടി, ഭൂരിപക്ഷം 498

ലീഡ് നില മാറിമറിഞ്ഞ കുറ്റിയാടിയില്‍ ഒടുവില്‍ എല്‍ഡിഎഫിന് വിജയം
'പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥി' പൊരുതി നേടി; കുറ്റിയാടിയില്‍ കുഞ്ഞമ്മദ് കുട്ടി, ഭൂരിപക്ഷം 498

കോഴിക്കോട്: ലീഡ് നില മാറിമറിഞ്ഞ കുറ്റിയാടിയില്‍ ഒടുവില്‍ എല്‍ഡിഎഫിന്് വിജയം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടി സിറ്റിങ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയേ പരാജയപ്പെടുത്തി. ഫോട്ടോ ഫിനിഷിലേയ്ക്ക് കടന്ന കുറ്റിയാടിയില്‍ നേരിയ ഭൂരിപക്ഷമായ 498 വോട്ടിനാണ്് കെ പി കുഞ്ഞമ്മദ് കുട്ടി വിജയിച്ചത്. 

സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന കുറ്റിയാടി ഇത്തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ അണികളുടെ പരസ്യമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ രണ്ടുദിവസമാണ് കുറ്റിയാടി ടൗണില്‍ പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി പി മോഹനനും ഭാര്യയും കുറ്റിയാടിയിലെ മുന്‍ എംഎല്‍എയുമായ കെ കെ ലതികയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നല്‍കാതിരിക്കാനാണ് മണ്ഡലം മാണി കോണ്‍ഗ്രസിനു വിട്ടു നല്‍കിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

മുഹമ്മദ് ഇഖ്ബാലിനെയാണു കുറ്റിയാടിയില്‍ സ്ഥാനാര്‍ഥിയായി മാണി വിഭാഗം തീരുമാനിച്ചിരുന്നത്. സിപിഎം അണികളുടെ പ്രതിഷേധം നിലയ്ക്കാതായതോടെ സീറ്റ് വിട്ടുനല്‍കാന്‍ മാണി വിഭാഗവും മുഹമ്മദ് ഇഖ്ബാലും തയാറാവുകയായിരുന്നു. ഇതോടെയാണു കുറ്റിയാടി സ്വദേശിയായ കെപി കുഞ്ഞമ്മദ് കുട്ടിയ്ക്ക് അവസരമൊരുങ്ങിയത്.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ കുറ്റിയാടിയില്‍ 2016 ല്‍ രണ്ടാം വട്ടം ജനവിധി തേടിയ കെ കെ ലതിക 1,901 വോട്ടിനാണ് പാറയ്ക്കല്‍ അബ്ദുള്ളയോട് തോറ്റത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ പേര് 2016 ല്‍ തന്നെ കുറ്റിയാടിയില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ലതികയെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു സിപിഎം തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com